കണ്ണൂർ: വരട്ടു തത്വശാസ്ത്രം ചുമന്നു നടക്കുന്നവർ മന്ത്രിമാരായാൽ എന്തായിരിക്കും ആ നാടിൻ്റെ അവസ്ഥയെന്ന് തെളിയാൻ കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രിയെ പഠിച്ചാൽ മതി. മന്ത്രി പി. രാജീവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചാൽ മതി ഇത്തരം കാഴ്ചപ്പാടുള്ളവർ നാടിനെ കുറഞ്ഞത് മൂന്ന് നൂറ്റാണ്ട് എങ്കിലും പിന്നിലേക്ക് കൊണ്ടു പോകുന്നവരാണ് എന്ന് തിരിച്ചറിയാൻ - മന്ത്രി എഴുതി -
- 3476 ക്വാറികൾക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുന്ന വർഷം (2015-16) കേരളത്തിൽ ലീസും പെർമിറ്റും ഉണ്ടായിരുന്നത്. എന്നാൽ 2023-24 ആവുമ്പോൾ ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാൻ സർക്കാരിന് സാധിച്ചു. പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഒരു വർഷം ശരാശരി 45 ക്വാറികൾക്ക് മാത്രമാണ് അനുമതി നൽകി വരുന്നത്. എല്ലാ അനുമതികളും എൻ.ഒ.സി സർട്ടിഫിക്കറ്റുകളുമുള്ള ക്വാറികൾക്ക് മാത്രമേ സർക്കാർ അനുമതി നൽകുന്നുള്ളൂ. കേരളത്തിലെ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ഓൺലൈനായി ജനങ്ങൾക്ക് അറിയാനും സാധിക്കും.' പാരിസ്ഥിതികാഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോർഡ്, പഞ്ചായത്ത്, എക്സ്പ്ലോസീവ് വിഭാഗം, മൈനിങ് ആൻഡ് ജിയോളജി എന്നിവയുടെ അനുമതി ക്വാറികൾക്ക് ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തിൽ നിയമാനുസൃതമായ നടപടികൾ കൈക്കൊണ്ടുവരികയുമാണ്.
എങ്ങനുണ്ട് മന്ത്രീടെ വികസന ബോധ്യം? കേരളത്തിൽ അവശേഷിക്കുന്നത് വെറും 500 ൽ താഴെ ക്വാറികൾ മാത്രമാണെന്നും അതിൽ 250 ൽ അധികം എണ്ണവും നിയമപരമായി 2024 നവംബർ 7 ന് അടച്ചു പൂട്ടപ്പെടാൻ പോകുകയാണ് എന്നുമുള്ള വസ്തുത ജനമറിഞ്ഞോ? ഇല്ല. എന്നിട്ടും മന്ത്രി ഫേസ് ബുക്കിൽ കിടന്ന് തള്ളിമറിക്കലോട് തള്ളിമറിക്കലാണ്. ആരെ പൊട്ടനാക്കാനാണ് ഈ കമ്യൂണിസ്റ്റ് മന്ത്രി ഇത്തരം ബുദ്ധിമോശം ഒക്കെ കാണിക്കുന്നതെന്ന് ചോദിച്ചാൽ, എന്ത് ചവറും കൺസ്യും ചെയ്യാൻ തയാറുള്ള അണികൾ മന്ത്രിയുടെ പാർട്ടിക്കുണ്ടെന്ന ആത്മവിശ്വാസം തന്നെ കാര്യം. കേരളത്തിൻ്റെ വികസനത്തിന് ക്വാറികൾ അത്യാവശ്യമാണ്. ക്വാറികൾ നടത്താൻ കേന്ദ്ര നിയമവും ഹരിത ട്രൈബ്യൂണലിൻ്റെ പ്രായോഗിക നിർദ്ദേശങ്ങളും ഒക്കെത്തന്നെ ധാരാളം ഉണ്ട്. പക്ഷെ കേരളത്തിലെ പിണറായി സർക്കാരിന് ഈ നിയമങ്ങളിൽ ഒന്നും വലിയ പിടിപാടൊന്നും ഇല്ല എന്നതാണ് തമാശ. ആര് എന്ത് ചോദിച്ചാലും ഈ വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട കേട്ടോ എന്ന തള്ളിൽ സർക്കാർ അങ്ങോട്ട് കുതിച്ചു കൊണ്ടിരിക്കുന്നതാണ് പതിവ്. 250 ൽ അധികം ക്വാറികളുടെ പരിസ്ഥിതിക അനുമതി നവംബർ 7 ന് തീരും. ഈ ക്വാറികളുടെ പ്രവർത്തനം നിലയ്ക്കുകയാണ്. അതിന് ശേഷം തുറന്നു പ്രവർത്തിച്ചാൽ പിഴയും കേസും ഒക്കെയാണ് ഉണ്ടാകുക. കേരളത്തിലെ 60 ശതമാനം നിർമ്മാണ പ്രവൃത്തികളും നിലയ്ക്കും. റോഡ് വികസനം, പാലം പണി മുതൽ വീടും ശുചി മുറിയും പണിയുന്നത് വരെ നിർത്തിവയ്ക്കേണ്ടി വരും. പാരിസ്ഥിതിക അനുമതി പുതുക്കി നൽകാൻ 3 മാസത്തെ കാലാവധി കേന്ദ്ര സർക്കാരും ഗ്രീൻ ട്രൈബ്യൂണലും ഓഗസ്റ്റിൽ നൽകിയിരുന്നു. എന്നാൽ രാജീവിൻ്റെ ഓഫീസും പിണറായിയും ആ വിവരം കഴിഞ്ഞ മൂന്നാഴ്ച മുൻപ് മാത്രമാണ് അറിഞ്ഞതെന്ന് തോന്നുന്നു. ക്വാറികൾക്ക് അനുമതി നൽകാൻ നിയോഗിക്കപ്പെട്ട ജില്ലാ പാരിസ്ഥിതിക സമതികളൊക്കെ സസ്പെൻഡ് ചെയ്യപ്പെട്ടിട്ട് കാലങ്ങൾ ഏറെയായി. സമിതിയിൽ അയോഗ്യർ ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് സസ്പെൻഡ് ചെയ്തത്. പക്ഷെ അതേ അയോഗ്യർ സംസ്ഥാന സമിതിയിൽ കയറി ഇപ്പോഴും ഇരിക്കുന്ന കോമഡിയും രാജീവിൻ്റെ മൂർത്തമായ വകുപ്പിൽ കാണാം. അനുമതി പുതുക്കി നൽകാൻ ഇനിയുള്ളത് 20 ദിവസത്തിൽ താഴെ മാത്രം. കേരളത്തിലെ എല്ലാ ക്വാറികളിലും പരിശോധന നടത്താൻ എൻവയൺമെൻ്റ് അസസ്മെൻ്റ് കമ്മിറ്റിക്കും ഇംപാക്ട് അസസ്മെൻ്റ് കമ്മിറ്റിക്കും കുറഞ്ഞത് 900 ദിവസങ്ങൾ വേണ്ടിവരും. ഈ വസ്തുതകൾ എല്ലാം ഇരിക്കുമ്പോൾ ആണ് രാജീവ്, ക്വാറി പൂട്ടിച്ചതിൻ്റെ പേരിൽ എട്ടുകാലി മമ്മൂഞ്ഞാകുന്നത്. കേരളത്തിൽ 20 വർഷത്തിൽ അധികം മൈനിങ് പ്ലാൻ ഉള്ള ക്വാറികളാണ് ഏറെയും ഉള്ളത്. പിന്നെ
എന്തിന് കേരളത്തിലെ ക്വാറികൾ പൂട്ടണം?
ഉത്തരം ലളിതം. തമിഴുനാട്, കർണാടക സംസ്ഥാനങ്ങളിലെ ക്വാറി ലോബികൾക്ക് കരിങ്കൽ ഉൽപ്പന്നങ്ങൾ പാക്കറ്റാക്കി വിൽക്കാൻ കഴിയണം. ഇപ്പോൾ സിമൻ്റ് ഒക്കെ വിൽക്കുന്നത് പോലെ മെറ്റലും പൊടിയും ഒക്കെ ചാക്കിലാക്കി തോന്നുന്ന വിലയ്ക്ക് വിൽക്കാൻ ഒത്താശ ചെയ്യുന്ന പണിയാണ് അണിയറയിൽ നടക്കുന്നത്. അതിനായി കൺസോർഷ്യം ഉണ്ടാക്കാനാണ് വടക്കേയിന്ത്യൻ ലോബി ശ്രമിക്കുന്നത്. അവർക്ക് തോന്നുമ്പോൾ വില വർധിപ്പിക്കാം. കോർപ റേറ്റുകൾക്ക് വിപണിയെ കുത്തകയാക്കി വയ്ക്കാൻ കഴിയും വിധം തയാറാക്കി കൊടുത്ത് ലാഭം കൊയ്യാൻ അവസരമൊരുക്കുകയാണ് മൂർത്ത മന്ത്രിയും മൂർത്ത ഭരണവും. പങ്ക് എന്താണെന്ന് വരും കാലങ്ങളിൽ കാണാം. ഇപ്പോൾ തന്നെ യാഡുകൾ എന്ന ഓമനപ്പേരിൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥാപനങ്ങൾ ഉയർന്നു കഴിഞ്ഞു. വൻതോതിൽ ക്വാറി ഉൽപ്പന്നങ്ങൾ അവിടെ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി കേരളത്തിലെ ക്വാറികളും ക്രഷറുകളും പൂട്ടിയാൽ അവർ കൊയ്ത്ത് തുടങ്ങും. ഒരു കൊച്ചു വീട് വയ്ക്കാൻ പോലും പല ദശലക്ഷങ്ങൾ ചെലവ് ചെയ്യേണ്ടി വരുന്ന സാധാരണക്കാരൻ്റെ നെടുവീർപ്പുകൾ ഉടൻ ഉയർന്നു തുടങ്ങും. അവർ വലയുന്നതിനൊപ്പം ക്വാറികളെയും ക്രഷറുകളെയും ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളും പെരുവഴിയിലാകും. നിർമ്മാണത്തൊഴിലാളികളുടെ കുടുംബങ്ങളും ക്വാറി ക്രഷർ, ടിപ്പർ തൊഴിലാളികളും വലയും കേരളം നശിക്കും.
പരിസ്ഥിതിവാദികൾ എന്നവകാശപ്പെടുന്ന വിവരദോഷികളാണ് ഇതിനെല്ലാം വഴിതെളിക്കുന്ന ഏജൻ്റുമാർ. ക്വാറിയും ക്രഷറുമൊക്കെ പ്രവർത്തിക്കുന്നതിന് ഇന്ത്യയിൽ പ്രത്യേക ജിയോ ളജി ആൻ്റ് മൈനിങ് നിയമങ്ങളും നിബന്ധനകളുമുണ്ട്. ജനവാസ കേന്ദ്രത്തിൽ ക്വാറി പ്രവർത്തിക്കണമെങ്കിൽ 50 മീറ്റർ അകലത്തിനപ്പുറം മാത്രമേ ആൾ താമസം പാടുള്ളൂ എന്നായിരുന്നു ആദ്യ നിയമങ്ങളിലൊന്ന്. എന്നാൽ ദൂരപരിധി വർധിപ്പിച്ച് ഇപ്പോൾ മൂന്നൂറും അഞ്ഞൂറും ഒക്കെയാക്കി വരികയാണ്. അതൊന്നും ഭൗമ ശാസ്ത്രജ്ഞൻമാർ പറഞ്ഞിട്ടല്ല. അബദ്ധ ബുദ്ധിജീവികളും പമ്പരവിഡ്ഡികളായ പരിസ്ഥിതി വാദികളും തട്ടി വിടുന്ന വരട്ടു വാദങ്ങൾക്ക് വശംവദരായാണ് നിയമത്തെ പോലും ക്കുന്നത്. കേന്ദ്ര മൈനിങ്ങ് വകുപ്പും ജിയോളജി വകുപ്പും വ്യസായ വകുപ്പും പോരാതെ വന്നിട്ട് സംസ്ഥാനത്തെ ഏതൊക്കെ ഡിപ്പാർട്ടുമെൻ്റുകൾ ഉണ്ടോ അവരൊക്കെ നടപ്പിലാക്കുന്ന നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചാണ് ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്നത്. കൂടാതെ സകല അബദ്ധ ബുദ്ധിജീവികളും തള്ളുന്ന മനോ വിഹ്വലതകളും അവയുടെ ഉൽപ്പന്നങ്ങളും കൂടി ക്വാറിയുടമ ചുമക്കണമെന്നതാണ് സ്ഥിതി.
കേരളത്തിലെ ഖജനാവ് ശൂന്യമാണ്. ചോർത്തുന്നതല്ലാതെ വളർത്താൽ വഴികളൊന്നുമില്ല. അത് മറയ്ക്കാൻ ക്വാറികൾക്ക് നേരേ തിരിഞ്ഞിരിക്കുകയാണ് സർക്കാർ. ക്വാറികൾ പൂട്ടിയാൽ സർക്കാർ രക്ഷപ്പെട്ടു. പിന്നെ വികസനപരമായ നിർമ്മാണ പ്രവൃത്തികൾ നടത്തേണ്ടതായി വരില്ല. എല്ലാ പഴിയും കേന്ദ്രത്തിനും അവരുടെ നിയമങ്ങളുടെയും തലയിൽ കെട്ടിവച്ച് സർക്കാർ രക്ഷപ്പെടും. എന്നിട്ട് പറയും- വികസന പ്രവൃത്തികൾ ഒത്തിരി ചെയ്യാനുണ്ട്, പക്ഷെ ക്വാറി വേണ്ടേ? ക്രഷർ വേണ്ടേ.......
ഈ ചോദ്യം കേട്ട് അണികൾ ആഹാ ഓഹോ പാടി നടക്കും. അവർക്ക് പിന്നെ ചുമന്നു നടക്കാൻ വിഡ്ഡിത്വം എന്ത് കിട്ടിയാലും മതിയല്ലോ....
All tangible quarries may be closed abstractly on November 7..!??